About

ഒരോരുത്തരും അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്ത് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ തയ്യാറായിരിക്കുകയാണ് ‘സമസ്ത’യുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗം വിഖായ വളണ്ടിയര്‍മാര്‍. മണ്ണിലും മനസ്സിലും കരുണ വറ്റിയ കാലത്ത് ആത്മ സമര്‍പ്പണത്തിന്റെ പുതുചരിത്രം രചിക്കുകയാണ് അവര്‍.

വിഖായ എന്നാല്‍ സുരക്ഷ

വിഖായ എന്നാല്‍ സുരക്ഷ എന്നാണര്‍ത്ഥം. നിരത്തിലും പൊതു ഇടങ്ങളിലും സ്വന്തം വീട്ടില്‍ പോലും ഒറ്റപ്പെടുന്ന സമൂഹത്തിന് സുരക്ഷ ഒരുക്കുകയാണ് വിഖായ വളണ്ടിയര്‍മാര്‍. എല്ലാരംഗവും കച്ചവട വല്‍ക്കരിച്ച പുതിയ കാലത്ത് സന്നദ്ധ സേവനവും ഇതില്‍ നിന്ന് വിഭിന്നമല്ല. സന്നദ്ധ സേവകരെ പടച്ചെടുക്കാന്‍ സര്‍വകലാശാലകളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുമ്പോഴും ആത്മാര്‍ഥതയുള്ള സേവനം ലഭ്യമല്ലെന്നതാണ് സത്യം. സേവന പ്രവര്‍ത്തനങ്ങള്‍ കടലാസു നാണയത്തില്‍ മൂല്യം കണക്കാക്കി ഇവന്റ്മാനേജ്‌മെന്റുകള്‍ക്ക് ക്വൊട്ടേഷന്‍ നല്‍കുന്ന രീതിയാണിന്നുള്ളത്. അയല്‍പക്കക്കാരും കൂട്ടുകാരും സഹപ്രവര്‍ത്തകരും സ്വമേധയാ നിര്‍വഹിച്ചിരുന്ന സേവനങ്ങള്‍ ഇവന്റ് മാനേജ്‌മെന്റുകളിലേക്ക് മാറുന്നത് സാമൂഹ്യ ബന്ധങ്ങളിലെ ഭീതിതമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിന്റെ പൊതു നന്‍മയ്ക്ക് വിദ്യാര്‍ഥി സമൂഹത്തെ ക്രിയാത്മകമായി ഉപയോഗിച്ച് മാതൃകയായ എസ്.കെ.എസ്.എസ്.എഫിന്റെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പഥത്തിലെ പ്രധാന ചുവടുവയ്പ്പാണ് വിഖായ പദ്ധതിയിലൂടെ നടത്തുന്നത്.
വിഖായയുടെ സേവനം
അഞ്ചു മേഖലകളെ സമന്വയിപ്പിച്ചാണ് വിഖായയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം

1)ആതുരാലയ സേവനം:
സാധാരണക്കാരുടെ ആശാ കേന്ദ്രമായ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളെ ഒ.പി കളിലും വാര്‍ഡുകളിലും കാഷ്വാലിറ്റികളിലും സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സേവന സമയം കൃത്യമായി നിര്‍ണയിച്ച് ആശുപത്രികളില്‍ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുള്ള ഊ പ്രവര്‍ത്തനത്തിന് ആശുപത്രി അധികാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

അപകടങ്ങളും അത്യാഹിതങ്ങളും പതിവായ കാലത്ത് രോഗികള്‍ക്ക് കൃത്യസമയത്ത് രക്തം ലഭ്യമല്ലാതാവുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനു പരിഹാരമായി രക്തം നല്‍കാന്‍ സജ്ജരായ കാല്‍ലക്ഷം അംഗങ്ങളുള്ള രക്തദാന നിരയേയാണ് വിഖായ സജ്ജമാക്കിയിരിക്കുന്നത്. ംംം.സെളൈ്ശൂമ്യമ.രീാ എന്ന വിലാസത്തില്‍ ആര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രക്തം ആവശ്യമുള്ള സ്ഥലത്തെ ദാതാക്കളെ രക്ത ഗ്രൂപ്പ് തിരിച്ച് കണ്ടെത്താനന്‍ സാധിക്കുമെന്നതാണ് വെബ് സൈറ്റിന്റെ പ്രത്യേകത.

2) അപകടസ്ഥലങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അലര്‍ട്ട്
റോഡപകടങ്ങള്‍ മുതല്‍ വന്‍ ദുരന്തങ്ങളില്‍ വരെ പ്രഥമ ശുശ്രൂഷ നിര്‍ണായകമാണ്. ഇത്തരം സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാന്‍ കൃത്യമായ പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തിയാണ് വിഖായയുടെ ആക്‌സിഡന്റ് കെയര്‍ വിംഗായ അലര്‍ട്ട്. അപകടത്തില്‍ പെട്ടവരെ കൃത്യമായി ആശുപത്രികളിലെത്തിക്കാന്‍ സംസ്ഥാനത്തെ ഒരോ ജില്ലകളിലേയും പ്രധാന അപകട മേഖലകളിലും ആംബുലന്‍സുകളിലും വളണ്ടിയര്‍മാരുടെ സേവനം ഉണ്ടാവും.

3) ലഹരി വിരുദ്ധ സാമൂഹ്യ ഇടപെടല്‍
ലഹരിക്കെതിരേയുള്ള സമരങ്ങളിലും ബോധവല്‍ക്കരണങ്ങളിലും പങ്കാളികളിയാവുക, ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു ചികിത്സയും പുനരധിവാസവും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം. ഇതുകൂടാതെ തെറ്റായ ഭക്ഷണ ശീലം, പ്ലാസ്റ്റിക് ഉപഭോഗം, അസാന്‍മാര്‍ഗിക ലൈംഗിക ബന്ധങ്ങള്‍ എന്നിവക്കെതിരെയും സംഘം ബോധവല്‍ക്കരണം നടത്തും.

4) സര്‍ക്കാര്‍, സര്‍ക്കാതിര സേവനങ്ങള്‍ ലഭ്യമാക്കുക
അറിവില്ലായ്മമൂലം സാധാരണക്കാര്‍ക്കു നഷ്ടപ്പെടാവുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര ആനുകൂല്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് വിഖായയുടെ മറ്റൊരു പ്രവര്‍ത്തനം.

5) മഹല്ലു കേന്ദ്രങ്ങളിലെ ക്രിയാത്മക സേവനം
മഹല്ലുകള്‍ കേന്ദ്രീകരിച്ചു നടത്തേണ്ട പൊതു കാര്യങ്ങളില്‍ പുതിയ തലമുറക്ക് കൃത്യമായ പരിശീലനം നല്‍കുകയും ഇക്കാര്യത്തില്‍ അവരെ സജ്ജമാക്കുകയും ചെയ്യുകയാണിതിന്റെ ലക്ഷ്യം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങള്‍ വഴിയാണ് 25,000 സന്നദ്ധ സേവകരുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുക. ക്ലസ്റ്റര്‍ തലങ്ങളില്‍ ഇതിനോടകം ആരംഭിച്ച സഹചാരി റിലീഫ് സെന്ററുകള്‍ ഇതിന്റെ ചുക്കാന്‍ പിടിക്കും. സ്റ്റേറ്റ് വിഖായ ട്രെയ്‌നേഴ്‌സ് ഗ്രൂപ്പും(എസ്.ടി.വി) സംഘടനയുടെ മെഡിക്കല്‍ വിഭാഗമായ അലര്‍ട്ടും വിഖായയുടെ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കുന്നുണ്ട്.

 

Read More..

മത,സാമൂഹിക,സാംസ്‌കാരികതലങ്ങളില്‍ കൃത്യവും ശക്തവുമായ ഇടം നേടിയെടുത്ത സമസ്ത കേരള സുന്നിസ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കര്‍മ്മരംഗത്തെ കാല്‍നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന അവസരമാണിത്. പുതിയ സുപ്രഭാതങ്ങളിലേക്കുള്ള വഴികളെക്കുറിച്ച് ചിന്തിക്കുന്ന വേളകൂടിയാണ് സംഘടനയുടെ സില്‍വര്‍ജൂബിലി ആഘോഷകാലം. ഈ വേളയില്‍ കേരളീയമുസ്‌ലിങ്ങളുടെ അഭിമാനകരമായ അസ്തിത്വത്തിനുവേണ്ടി പോരാടിയ ഉജ്വലമായ ഒട്ടേറെ ചരിതങ്ങള്‍ ഓര്‍മ്മകളിലേക്ക് ഓടിയെത്തുകയാണ്.

ചൂഷണമുക്തസമൂഹത്തിനായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ ഇടപെടലുകളും തിന്മകള്‍ക്കെതിരേയുള്ള സന്ധിയില്ലാസമരങ്ങളും സാംസ്‌കാരികാധിനിവേശങ്ങള്‍ക്കെതിരേയുള്ള പ്രതിരോധങ്ങളും കേരളീയസമൂഹത്തിനു ബോധ്യപ്പെട്ട വസ്തുതകളാണല്ലോ. കടന്നുവന്ന വഴികളില്‍ നിന്നുംസ്വാംശീകരിച്ചെടുത്ത ഊര്‍ജത്തിന്റെ കരുത്തില്‍ പുതിയ പുലരികള്‍ക്ക് അരങ്ങൊരുക്കാനും സമുദായത്തിനു പുരോഗമനത്തിന്റെ മാര്‍ഗം കാണിക്കാനും സംഘടന പൂര്‍വാധികം ശക്തിയോടെ കര്‍മ്മപഥത്തില്‍ സജീവമാകുകയാണ്.

സില്‍വര്‍ജൂബിലിയോടനുബന്ധിച്ചു കാലോചിതവും സുപ്രധാനവുമായ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ ഏറെ അഭിമാനാര്‍ഹമായ പദ്ധതിയാണ് വിഖായ. സേവനമേഖലകളില്‍പ്പോലും ഇവന്റ് മാനേജ്‌മെന്റ് കടുന്നകയറുന്ന വല്ലാത്തൊരു കാലമാണിത്. എല്ലാവരും തന്നിലേക്ക് ഒതുങ്ങിക്കൂടുന്നു. പരസഹയങ്ങളെയും സേവനങ്ങളെയും കച്ചവടകണ്ണോടെ മാത്രം കാണുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ മാറ്റത്തിന്റെ മാറ്റൊലിയാകുകയാണ് വിഖായ പദ്ധതി.

ഭൗതികലാഭേഛയില്ലാതെ തികച്ചും പാരത്രികവിജയം മുന്നില്‍കണ്ടുള്ള സദ്ധന്നസേവന പ്രവര്‍ത്തനങ്ങളാണ് വിഖായയുടെ ആത്യന്തികലക്ഷ്യം. സേവനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മെയ്യും മനസും സമര്‍പ്പിക്കാന്‍ സുസജ്ജരായ ഇരുപത്തിയ്യായിരം അംഗങ്ങളെ പരിശീലിപ്പിച്ചു നാടിനു സമര്‍പ്പിക്കുകയാണ്. അപകടങ്ങളില്‍പ്പെട്ടവര്‍ക്ക് അടിയന്തിരസഹായമോ ഒരുതുള്ളി വെള്ളമോ നല്‍കാതെ അപകടക്കാഴ്ച മൊബൈലില്‍ പകര്‍ത്താനുംസോഷ്യല്‍മീഡിയകളില്‍ പോസ്റ്റ്‌ചെയ്യാനും മത്സരിക്കുന്ന കനിവു വറ്റിയ മനസുകള്‍ക്കിടയില്‍ ഒരു തിരുത്തല്‍ശക്തിയായി വിഖായയുടെ പ്രവര്‍ത്തകര്‍ മാറുകതന്നെ ചെയ്യും.(ഇ.അ).

മദ്യത്തിനെതിരേ ശബ്ദിക്കാനും ബാറുകള്‍ അടപ്പിക്കാന്‍ സമരംചെയ്യാനും ആളുകള്‍ എമ്പാടുമുണ്ട്. പക്ഷേ, മദ്യാസക്തിയുടെയും ലഹരിയുടെയുംഅടിമകളായ കുറേ പാവം മനുഷ്യരുണ്ട് ഇവിടെ. അറിഞ്ഞോ അറിയാതെയോ മദ്യത്തിന്റെ കെണിയില്‍പ്പെട്ടുപോയവര്‍. അവരെ വിമര്‍ശിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത് അല്‍പ്പം പ്രയാസം നിറഞ്ഞ പണിയാണല്ലോ. ആ പ്രയാസം ഏറ്റെടുത്ത് ലഹരിയുടെ ജീവിതത്തില്‍ നിന്നു ജീവിതത്തിന്റെ ലഹരിയിലേക്കു അവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുമായാണ് വിഖായ സമൂഹത്തിലേക്ക് ഇറങ്ങുന്നത്. മഹല്ല് ശാക്തീകരണവും അജ്ഞതയുടെ പേരില്‍നഷ്ടപ്പെട്ടു പോകുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര ആനുകൂല്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമെല്ലാം വളരെ ചിട്ടയോടെയും വ്യവസ്ഥാപിതമായും തികച്ചും ലളിതമായുംവിഖായ വഴി ലഭ്യമാകുന്നുണ്ട്.

അഞ്ചുമേഖലകള്‍ കേന്ദ്രീകരിച്ചാണു വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. അവ താഴെ പറയുവയാണ്;

1) ആതുരസേവനമേഖലയില്‍ രോഗീപരിചരണം,സാമ്പത്തികസഹായം, മരുന്നുകളും ഉപകരണങ്ങളുംഎത്തിക്കല്‍, രക്തദാനം തുടങ്ങിയവ.

2) അപകടസ്ഥലങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കല്‍.

3) ലഹരിക്കെതിരേയുള്ള സമരങ്ങളിലും ബോധവല്‍ക്കരണങ്ങളിലും പങ്കാളികളാകല്‍. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു ചികിത്സയും പുനരധിവാസവും ലഭ്യമാക്കല്‍.

4)അറിവില്ലായ്മ കൊണ്ടു സാധാരണക്കാര്‍ക്കു നഷ്ടപ്പെടുന്ന നിരവധി സര്‍ക്കാര്‍,സര്‍ക്കാരിതര ആനുകൂല്യങ്ങളും സംബന്ധിച്ച വിവരം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കല്‍.

5) മഹല്ല്തലങ്ങളില്‍ ക്രിയാത്മക സേവനപ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുതിനും ശ്രമദാനമേഖലയിലേക്കു പുതിയതലമുറയെ ആകര്‍ഷിക്കുന്നതിനുമായി പ്രാദേശികമായി പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരല്‍.

ഭൗതിക നേട്ടങ്ങളല്ല സംഘടന ഈ സേവനത്തിലൂടെ ആഗ്രഹിക്കുന്നത്, സൃഷ്ടാവിന്റെ പ്രീതി മാത്രമാണ്. സന്നദ്ധസേവനത്തിനു വലിയ പ്രാധാന്യംകല്‍പ്പിച്ച മതമാണ് ഇസ്‌ലാം. സ്വാര്‍ഥത വെടിഞ്ഞ് സുഖവുംസന്തോഷവുമെല്ലാം മറ്റുള്ളവര്‍ക്കു സമര്‍പ്പിക്കാനാണ് ഇസ്‌ലാം വിശ്വാസികളോട് ആവശ്യപ്പെടുന്നത്. തന്റെ ആയുസ്സുംആരോഗ്യവുംമറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ വിനിയോഗിക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും ഉത്തരവാദിത്വവും ബാധ്യതയുമാണ്. സമൂഹത്തിലൊന്നടങ്കം പരന്നൊഴുകുന്ന സേവനസന്നദ്ധതയുടെ ഉടമകളായി എല്ലാവരും മാറണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. അത്തരമൊരു മനസ് ഓരോരുത്തര്‍ക്കുമുണ്ടാകുമ്പോള്‍ മാത്രമേ അവന്റെ മതം പൂര്‍ണ്ണമാകുകയുള്ളൂ.

ജാതി,മത,വര്‍ഗ,വര്‍ണ്ണ ഭേദമന്യേ സഹജീവികളോടു ഹൃദ്യമായ സ്വഭാവ വിശുദ്ധിയോടെ ഇടപെടുകയുംഅവരുടെ താല്‍പര്യങ്ങളെ മാനിക്കുകയുംചെയ്യണമെന്ന് ഇസ്‌ലാം ഉണര്‍ത്തുന്നുണ്ട്്. ഭൂമിയിലുള്ളവരോടു കരുണകാണിക്കുന്നവര്‍ക്കു മാത്രമേ ആകാശത്തുനിന്നും കരുണചെയ്യപ്പെടുകയുളളൂ. പ്രയാസപ്പെടുന്നവര്‍ക്ക് അടിയന്തിരമായ സഹായസഹകരണങ്ങള്‍ ലഭ്യമാക്കണം.

”അല്ലാഹു”തന്നെയാണ് ഈ വിഭവങ്ങള്‍ അവനിച്ഛിക്കുന്നവര്‍ക്കു വിപുലീകരിച്ചും ചുരുക്കിയും കൊടുക്കുതെന്ന് ഈ ജനം കാണുന്നില്ലേ? നിശ്ചയം, വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ധാരാളംദൃഷ്ടാന്തങ്ങളുണ്ട്. അതിനാല്‍ (വിശ്വസിച്ചവനേ) ബന്ധുജനങ്ങള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ നല്‍കുക. അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെഅവകാശവും. ഇതത്രെ, പ്രീതി കാംക്ഷിക്കുന്നവര്‍ക്കുള്ള ശ്രേഷ്ഠകരമായ രീതി. അവര്‍ തന്നെയാകുന്നു വിജയംവരിക്കുവര്‍ (അര്‍റൂം;37,38)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് തഫ്‌സീറുല്‍ കബീറില്‍ പറയുത് കാണുക; സൃഷ്ടികളോടു പൊതുവായി അനുവര്‍ത്തിക്കേണ്ട സഹാനുഭൂതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.അതായത്, ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട മൂന്നു വിഭാഗത്തിനു തന്റെ കൈയില്‍ ആവശ്യത്തില്‍ കൂടുതല്‍ഉണ്ടായാലും ഇല്ലെങ്കിലും സഹായവും ഉപകാരവുംചെയ്യേണ്ടത് അനിവാര്യമാണ് .

സൃഷ്ടിയെ സേവിച്ചു സ്രഷ്ടാവിനെ പുണരുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. ‘സൃഷ്ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ കുടുംബമാണ്. അവന്റെ കുടുംബത്തിന് ഏറ്റവുംകൂടുതല്‍ ഉപകാരംചെയ്യുന്നവരാരോ അവരാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവര്‍’എന്നാണ് തിരുനബിയുടെ അധ്യാപനം. ‘കാരുണ്യംകാണിക്കാത്ത കാലത്തോളം നിങ്ങള്‍ വിശ്വാസി അല്ല തന്നെ’ ഈ നബി വചനം കേട്ടപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു; ‘ഞങ്ങളെല്ലാവരും പരസ്പരംകാരുണ്യം കാണിക്കുന്നുണ്ടല്ലോ’. അപ്പോള്‍ നബി(സ) ഇങ്ങനെ പ്രതികരിച്ചു; ‘നിങ്ങള്‍ നിങ്ങളുടെ സ്വന്തക്കാരോടു കാണിക്കുന്ന കാരുണ്യവുംസഹാനുഭൂതിയും അല്ല ഇവിടെ ഉദ്ദേശ്യം.മറിച്ച്, എല്ലാ മനുഷ്യരോടും ഉണ്ടാകേണ്ട കാരുണ്യവും സഹാനുഭൂതിയുമാണ്'(ത്വബറാനി)

സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെ അനിവാര്യതയും മഹത്വവുംവ്യക്തമാക്കുന്ന ഒരു പ്രവാചകാധ്യാപനം കാണുക,’ഒരാള്‍ ഈ ലോകത്തു വച്ചു മറ്റൊരാളുടെ ഒരു പ്രയാസം അകറ്റിയാല്‍ അന്ത്യനാളില്‍ അവന്റെ പ്രയാസം അല്ലാഹു അകറ്റുതാണ്. ബുദ്ധിമുട്ടു കൊണ്ടുവലഞ്ഞ ഒരാള്‍ക്ക് ആരെങ്കിലുംആശ്വാസം നല്‍കിയാല്‍ ഇരുലോകത്തും അല്ലാഹു അയാള്‍ക്ക് എളുപ്പം പ്രദാനം ചെയ്യും. തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം അല്ലാഹു തന്റെ അടിമയെയും സഹായിക്കുതാണ്'(മുസ്‌ലിം)

‘ഭൂമിയിലുള്ളവരോടു നിങ്ങള്‍ ദയാനുകമ്പയോടെ പെരുമാറൂ, എങ്കില്‍ ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും ദയാനുകമ്പയോടെ പെരുമാറും’ എന്നാണു പ്രവാചകന്‍ പഠിപ്പിക്കുന്നത്. നമുക്കിടയില്‍ പലവിധ രോഗങ്ങള്‍കൊണ്ടും മറ്റു ശാരീരിക പ്രയാസങ്ങള്‍കൊണ്ടും ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ഒരു കൈത്താങ്ങായി ജീവിതത്തില്‍ ആരെങ്കിലുമെത്തിയിരുന്നെങ്കില്‍ എന്നു കരുതുന്നവരുമുണ്ട്.

ഇവിടെയാണ് വിഖായയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഇതിന്റെ സേവനങ്ങള്‍ സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട ഇരുനൂറ്റി അന്‍പത് കേന്ദ്രങ്ങള്‍ വഴിയാണ് ലഭ്യമാക്കപ്പെടുന്നത്. സില്‍വര്‍ ജൂബിലിയുടെ കാലയളവില്‍ ക്ലസ്റ്റര്‍ തലങ്ങളില്‍ ആരംഭിക്കുന്ന സഹചാരി റിലീഫ് സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രാദേശിക പ്രവര്‍ത്തനങ്ങള്‍. സ്റ്റേറ്റ് വിഖായ ട്രെയിനേഴ്‌സ് ഗ്രൂപ്പും(എസ്.ടി.വി) സംഘടനയുടെ മെഡിക്കല്‍ വിഭാഗമായ അലര്‍ട്ടും വിഖായയുടെ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കും.

ഏറ്റവുംകാലോചിതമായ ഈ പദ്ധതിയുടെ വിജയത്തിനു കൂടെ നില്‍ക്കേണ്ടതും പിന്തുണക്കേണ്ടതും സുമനസുകളുടെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടിയുള്ള എസ്.കെ.എസ്.എസ്.എഫിന്റെ കര്‍മ്മപദ്ധതികളോടൊപ്പം നിങ്ങളുടെ സാന്നിധ്യവുംസഹകരണവും പ്രതീക്ഷിക്കുകയാണ്.അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍)